നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് തിരിച്ചടി. കോടതി മാറ്റം ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. വിചാരണ പ്രത്യേക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ലെന്ന നടിയുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കേസിലെ വിചാരണ എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിധിയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യവും അതിജീവിത മുന്നോട്ടുവെച്ചിരുന്നു. അത്തരത്തിലുള്ള ഒരു കീഴ് വഴക്കമില്ലെന്ന എതിര്‍ഭാഗത്തിന്റെ വാദം കണക്കിലെടുത്ത് ഈ ആവശ്യവും കോടതി തള്ളി.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നേരത്തെ എറണാകുളം സിബിഐ പ്രത്യേക കോടതി കേസ് പരിഗണിക്കാനിരുന്നത്.എന്നാല്‍ ഹൈക്കോടതി രജിസ്ട്രി ഒരു ഓഫീസ് ഉത്തരവിലൂടെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഉത്തരവിടുകയായിരുന്നു. അത് നിയമപരമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. കേസ് പ്രത്യേക കോടതി പരിഗണിക്കണമെന്ന ജുഡിഷ്യല്‍ ഉത്തരവ് നിലനില്‍ക്കെ കേസ് മാറ്റുന്നത് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ഭര്‍ത്താവും ദിലീപും തമ്മില്‍ അടുത്ത സൗഹൃദമാണെന്നും നീതിപൂര്‍വ്വമായ വിചാരണ നടക്കില്ലെന്നുമായിരുന്നു അതിജീവിതയുടെ വാദം. പൊലീസിന് ലഭിച്ച വോയ്സ് ക്ലിപ്പുകളില്‍ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹര്‍ജി നല്‍കിയത്. ഹണി എം.വര്‍ഗീസ് വിചാരണ നടത്തിയാല്‍ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയില്‍ വാദിച്ചിരുന്നു.
വീഡിയോ ദൃശ്യങ്ങളുടെ സീന്‍ അടങ്ങിയ വിവരണം, പ്രതിയുടെ സഹോദരന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നെന്നും ഇതില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും ഒന്നും ജഡ്ജി ഒന്നും ചെയ്തില്ലെന്നായിരുന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ ഒരു വിവരം. കൂടാതെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം ജഡ്ജി നിരസിച്ചു. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും അകാരണമായി ജഡ്ജി തള്ളുകയാണെന്നും അതിജീവിത ആരോപിച്ചിരുന്നു.