സിപിഎം സംസ്ഥാന ഓഫിസായ എകെജി സെന്ററിനു നേരെ പടക്കം എറിഞ്ഞ കേസില്‍ മുഖ്യപ്രതി പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്. രണ്ട് മാസത്തെ അന്വേഷണത്തിന് ശേഷമാണ് പ്രതി പിടിയിലായത്. എ കെ ജി സെന്ററില്‍ പടക്കമെറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്. എസ് പി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്നില്ക്കുമ്പോള് കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആള് സ്ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.
ചുവന്ന സ്കൂട്ടറിലാണ് അക്രമി എത്തിയതെന്നും അത് ഡിയോ സ്കൂട്ടറാണെന്നതും മാത്രമായിരുന്നു ആകെ കണ്ടെത്തിയ വിവരങ്ങള്‍. ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍നിന്ന് സ്കൂട്ടറിന്റെ നമ്പര്‍ കിട്ടിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വീടുകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങള്‍ക്കു തെളിച്ചമില്ലായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം എറിഞ്ഞത് സാധാരണ പടക്കമാണെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.
ആക്രമണത്തിന് പിന്നില്‍ സി.പി.എം ആയതിനാലാണ് പ്രതികളെ പിടികൂടാത്തതെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഈ സമയത്ത് അതുവഴി സ്കൂട്ടറില്‍ സഞ്ചരിച്ച തട്ടുകടക്കാരനും സി.പി.എം പ്രാദേശിക നേതാവുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. രാജാജി നഗര്‍ സ്വദേശിയായ തട്ടുകടക്കാരനെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നഗരസഭാ കൗണ്‍സിലറായിരുന്ന സി.പി.എം യുവനേതാവ് ഇടപെട്ടാണ് ഇയാളെ വിട്ടയച്ചതെന്ന ആരോപണങ്ങളും പ്രതിപക്ഷം ഉയര്‍ത്തി.