മലപ്പുറം മുണ്ടേരി ഗവണ്മെന്റ് സ്കൂളിലെ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കരുളായി ചെറുപുള്ളി സ്വദേശി ബാബുവാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതികളായ ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു, ഇയാളുടെ കാമുകി മൂത്തേടം എറയംതാങ്ങി കോളനിയിലെ ലത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ-
എടക്കര ബിവറേജസില്‍ മദ്യം വാങ്ങുന്നതിനിടെ ഒരു മാസം മുമ്പാണ് ബാബു മാഷും കമ്പി ബിജുവും ലതയും തമ്മില്‍ പരിചയപ്പെട്ടത്. സെപ്റ്റംബര്‍ ഏഴിന് മൂവരും എടക്കര കാറ്റാടി പാലത്തിന് അടിയിലെ ലതയുടെ വീട്ടില്‍ വച്ച് മദ്യപിച്ചു. മദ്യപാനത്തിനിടെ ഒന്നാം പ്രതി ബിജുവിന്റെ കൂടെ താമസിക്കുന്ന രണ്ടാം പ്രതി ലതക്ക് ബാബു തന്റെ മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു. വീഡിയോയെ ചൊല്ലി മൂവരും തര്‍ക്കത്തിലായി. ഇതിനിടെ കയ്യില്‍ കരുതിയ മരവടി കൊണ്ട് ബിജു ബാബുവിന്റെ തലക്ക് അടിച്ചു. അടിയുടെ ആഘാതത്തില്‍ കുഴഞ്ഞ് വീണ ബാബുവിനെ ഇരുവരും ചേര്‍ന്ന് വലിച്ചിഴച്ച് പുന്നപുഴയിലെ കുത്തൊഴുക്കില്‍ തള്ളുകയായിരുന്നു. ഇതിനിടെ ബാബുവിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍, പണമടങ്ങിയ പേഴ്സ്, കണ്ണട എന്നിവ ഇവര്‍ അപഹരിച്ചു.
6 ദിവസം കഴിഞ്ഞ് സെപ്തംബര്‍ 13ന് സംഭവസ്ഥലത്ത് നിന്നും ഏകദേശം 10 കിലോമീറ്റര്‍ അകലെ നിലമ്പൂര്‍ കരിമ്പുഴ പാലത്തിന് സമീപം ബാബുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് എടക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സെപ്തംബര്‍ 8 ന് സഹോദരി നല്കിയ കേസ് പൂക്കോട്ടുംപാടം പോലീസ് അന്വേഷിച്ചു വരവെയാണ് പുന്നപ്പുഴയില്‍ ബാബുവിന്റെ മൃതദേഹം പൊങ്ങിയത്. മരണത്തില്‍ സംശയം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എടക്കര പോലീസ് കേസ് അന്വേഷിക്കുക ആയിരുന്നു.