ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലും സാമ്പത്തിക തട്ടിപ്പുമുള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മൈസൂര്‍ ബിഷിപ്പ് കനികദാസ് എം വില്യംസിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതായി വത്തിക്കാന്‍ അറിയിച്ചു. ബെംഗളുരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല നല്‍കിയത്. ബിഷപ്പ് കനികദാസ് എ വില്യമിനോട് അവധിയില്‍ പോകാനാണ് വത്തിക്കാനില്‍നിന്നുള്ള നിര്‍ദേശം.
ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് നിന്ന് 2018-ലാണ് ബെര്‍ണാര്‍ഡ് മോറസ് വിരമിച്ചത്.ബിഷപ്പ് വില്യമിനെതിരെ ലൈംഗിക ആരോപണവും തട്ടിക്കൊണ്ടുപോകലും കൂടാതെ നിരവധി അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. സാമ്പത്തിക ആരോപണങ്ങളും ഇദ്ദേഹം നേരിട്ടിരുന്നു. ഇതേത്തുടര്‍ന്ന് വത്തിക്കാനില്‍ ഉള്‍പ്പടെ ബിഷപ്പ് വില്യമിനെതിരെ നിരവധി പരാതികളുണ്ടായിരുന്നു. 2019ല്‍ മൈസുരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന്‍ കത്ത് നല്‍കിയത്.
അതിനു മുമ്പ് ബിഷപ്പിനെതിരെ സഭാ വിശ്വാസിയായ സ്ത്രീയാണ് ലൈംഗികാരോപണം ഉന്നയിച്ചത്. തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നല്കണമെങ്കില് വഴങ്ങണമെന്ന് ബിഷപ്പ് പറഞ്ഞതായും ഇവര്‍ ആരോപിക്കുന്നു. ബിഷപ്പിനെതിരെ ഈ സ്ത്രീയും പരാതി നല്‍കിയിരുന്നു. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നതാണ് ഗുരുതരമായ മറ്റൊരു ആരോപണം. കൂടാതെ ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വൈദികര്‍ വത്തിക്കാന്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.