കഴിഞ്ഞ 16 വര്്രഷക്കാലമായി സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെത്തിയവര്‍ക്ക് അന്നമൂട്ടിയ പഴയിടം മോഹനന് നമ്പൂതിരി ഇനി അടുത്ത കലോത്സവത്തില്‍ ഊട്ടുപുരയിലുണ്ടാവില്ല. തന്റെ പേരില്‍ ഉണ്ടായ വിവാദത്തിന് പിന്നാലെ ഇനി കലോത്സവത്തിന് ഭക്ഷണമൊരുക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പഴയിടം മോഹനന് നമ്പൂതിരി. ഇതിന് കാരണമായി തനിക്ക് ഭയമുണ്ടെന്നും, കേരളത്തിന്റെ സാഹചര്യം ഇപ്പോള്‍ അങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.
കലോത്സവത്തില്‍ കുട്ടികള്‍ക്ക് തയ്യാറാക്കുന്ന ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിയുന്നത് തന്നെ അസ്വസ്ഥനാക്കുന്നതായി പഴയിടം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇത്തരം സ്ഥലങ്ങളില്‍ തന്റെ ആവശ്യമില്ലെന്നും പഴയിടം മോഹനന് നമ്പൂതിരി നിലപാട് വ്യക്തമാക്കി. കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. അതുമതി തനിക്ക് ഇനിയുള്ള കാലം സന്തോഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.
'ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു കലോത്സവങ്ങളിലെ അടുക്കളകള്‍. എന്നാല്‍ പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ ഞാന്‍ ഉണ്ടാവില്ല. ഞാന്‍ വിടവാങ്ങുന്നു' പഴയിടം പറഞ്ഞു.
കൗമാരസ്വപ്നങ്ങള്‍ ആടിത്തിമര്‍ത്ത് സന്തോഷത്തോടെ ഭക്ഷണം കഴിച്ച് പോകുന്ന ഒരു ഭക്ഷണശാലയില്‍ ഇത്തരം വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കൊടുത്തിട്ട് നില്ക്കുന്ന സ്ഥലങ്ങളില്‍ തന്റെ ആവശ്യമില്ലെന്നും പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു. 'ഒരു വ്യക്തിയെയും ആ വ്യക്തിയുടെ സാമൂഹിക അന്തരീക്ഷത്തെയും ചളി വാരിയെറിയുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. അതൊന്നും ഇനി ഉള്‍ക്കൊള്ളേണ്ട കാര്യമില്ല. എന്റെത് പുര്‍ണമായും വെജിറ്റേറിയന്‍ ബ്രാന്റ് തന്നെയായിരുന്നു. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയില്‍ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിന്മാറ്റമെന്നും അദ്ദേഹം പറഞ്ഞു.
ഭയമുള്ളതുകൊണ്ടാണ് ഈ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതിന് പ്രധാനകാരണമെന്ന് പഴയിടം മോഹനന് നമ്പൂതിരി പറഞ്ഞു. അടുക്കള നിയന്ത്രിക്കുന്ന കാര്യത്തില്‍ ഭയമുണ്ടായാല്‍ മുന്നോട്ടുപോകാന്‍ ബുദ്ധിമുട്ടാണ്. കേരളത്തിലെ സാഹചര്യം അതാണ്. കലോത്സവങ്ങളിലായി ഇതുവരെ രണ്ടുകോടിയിലേറെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. അതുമതി തനിക്ക് ഇനിയുള്ള കാലം സന്തോഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പഴയിടം മോഹനന് നമ്പൂതിരിക്കെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പഴയിടം ഏറ്റവും ഭംഗിയായി തന്റെ ചുമതല വഹിച്ചെന്നും പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമര്‍ശനം അഴിച്ചു വിടുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമര്‍ശനം അവരവരുടേത് മാത്രമാണ്.
പങ്കെടുത്ത കുട്ടികള്‍ക്ക് പ്രശ്നങ്ങളില്ല. പഴയിടവുമായി ചര്‍ച്ച നടത്തേണ്ട കാര്യമില്ല. സ്വാഗതഗാന വിവാദത്തില്‍ നേരത്തെ പ്രതികരണം നടത്തിയതാണെന്നും മന്ത്രി വ്യക്തമാക്കി.