മഹാരാഷ്ട്രയില്‍ പന്ത്രണ്ട് കാരിയോട് വീട്ടുകാരുടെ ക്രൂരത. വീട്ടില്‍ സഹായത്തിന് കൊണ്ടുവന്ന 12 കാരിയോടാണ് വീട്ടുകാരുടെ ക്രൂരത.
നാല് ദിവസം പെണ്‍കുട്ടിയെ ഇരുട്ടുമുറിയില്‍ പൂട്ടിയിടുകയും മര്‍ദിക്കുകയും സിഗരറ്റുകൊണ്ട് ശരീരം മുഴുവന്‍ പൊള്ളിക്കുകയും ചെയ്തുവെന്നാണ് പരാതി. നാഗ്പുരിലെ അഥര്‍വ നഗരി സൊസൈറ്റിയിലാണ് സംഭവം നടന്നത്. വീട്ടുജോലിയില്‍ സഹായത്തിന് എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കുടുംബം നാഗ്പൂരിലെത്തിച്ചത്.
കഴിഞ്ഞ ദിവസം വീട്ടുകാര്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു. നാലുദിവസം ബ്രെഡ് മാത്രം കഴിച്ചാണ് പെണ്‍കുട്ടി ഒറ്റയ്ക്ക് വീട്ടില്‍ അതിജീവിച്ചത്. ഇതിനിടെ കറണ്ട് ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ ഇരുട്ടില്‍ തനിച്ചായ പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് അയല്‍വാസികളാണ് പെണ്‍കുട്ടി രക്ഷിപ്പെടുത്തിയത്. വീട്ടുകാര്‍ പെണ്‍കുട്ടിയെ അതിക്രൂരമായ ശാരീരിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതായി പോലീസ് പറഞ്ഞു.
സിഗരറ്റുപയോഗിച്ചും പാത്രം ചൂടാക്കിയും ദേഹമാസകലം പൊള്ളിച്ചു. സ്വകാര്യഭാഗങ്ങളില്‍ വരെ മുറിവ് പറ്റിയിട്ടുണ്ട്. ജോലിയില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് വീട്ടുകാര്‍ പീഡനങ്ങള്‍ക്ക് ഇരയാക്കിയിരുന്നതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴി. മികച്ച വിദ്യാഭ്യാസവും പരിചരണവും നല്‍കാമെന്ന് രക്ഷിതാക്കളോട് വാഗ്ദാനം ചെയ്താണ് കുട്ടിയെ നാഗ്പുരിലേക്ക് കൊണ്ടുവന്നതെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.