കോട്ടയം : ഏവരെയും ആകാംക്ഷയോടെ കാത്തിരുന്ന മത്സരത്തിനാണ് ഇന്നലെ പുതുപ്പള്ളിയില്‍ ജനവിധി പുറത്ത് വന്നത്. പുതുപ്പള്ളി ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത് ഏറെ ആവേശത്തോടെയാണ്.
പരാജയപ്പെട്ടെങ്കിലും തന്റെ തനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് വേണ്ടി നന്ദി അറിയിച്ചിരിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ്. ഉപതെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുവെന്ന് അറിയിച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
എല്ലാ വോട്ടര്‍മാരെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതായും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിര്‍വഹിച്ചു എന്നും ജെയ്ക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഏത് കൊടുങ്കാറ്റിനെയും തോല്‍പ്പിക്കുമാറ് ഉലയാതെ നിന്നവരെ.നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം എന്നും കുറിപ്പിലുണ്ട്.
ജെയ്ക്കിന്റെ കുറിപ്പ് ഇങ്ങനെ.
'പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായ മുഴുവന്‍ വോട്ടര്‍മാരെയും ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളില്‍ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഏല്പിച്ച ഉത്തരവാദിത്വം ഭംഗിയായി തന്നെ നിര്‍വഹിച്ചു എന്ന് കരുതുകയാണ്. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയും നമ്മുടെ ജീവിതത്തെ പുതുക്കിപ്പണിയുന്ന രാഷ്ട്രീയത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചത്. അതിനിയും തടസമേതുമില്ലാതെ തുടരുക തന്നെ ചെയ്യും. ഏതു കൊടുങ്കാറ്റിനെയും തോല്പിക്കുമാറ് ഉലയാതെ നിന്നവരെ.നമുക്കിനിയും ഇനിയും മുന്നോട്ടു നീങ്ങാം'