ബംഗ്ലാദേശില്‍ പടിഞ്ഞാറന്‍ നഗരമായ ജെസ്സോറില്‍നിന്ന് ധാക്കയിലേക്ക് വരികയായിരുന്ന ട്രെയിനിന് തീപിടിച്ചു. ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര് കൊല്ലപ്പെട്ടു.
പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ പൂര്‍ണമായി കത്തിനശിച്ച നിലയിലാണ് ഉള്ളത്. പ്രതിപക്ഷം ദേശീയ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.
ജെസ്സോറില്‍ നിന്ന് തലസ്ഥാനമായ ധാക്കയിലേക്ക് വരികയായിരുന്നു ട്രെയില്‍. ധാക്കയിലെ മെഗാസിറ്റിയില്‍ മെയിന്‍ റെയില്‍ ടെര്‍മിനലിനു സമീപമുള്ള ഗോപിബാഗില്‍വച്ചാണ് ട്രെയിനിന് തീപിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ട്രെയിനിന് തീപിടിക്കുന്നതുകണ്ട നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനവുമായി എത്തിയത്. നിരവധി പേരെ ട്രെയിനില്‍ നിന്ന് രക്ഷിച്ചെങ്കിലും തീ അതിവേഗം പടരുകയായിരുന്നെന്നും രക്ഷാപ്രര്‍ത്തനത്തിന് നേതൃത്വം നല്കിയവര് പറഞ്ഞു.
ഏതാനും ഇന്ത്യന്‍ പൗരന്മാരും ട്രെയിനില്‍ യാത്ര ചെയ്തിരുന്നതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. തീപിടിത്തമുണ്ടായ സംഭവം അട്ടിമറിയാണെന്ന് തങ്ങള്‍ സംശയിക്കുന്നതായി പോലീസ് മേധാവി അന്‍വര്‍ ഹൊസൈന്‍ പറഞ്ഞു.