ഭോപ്പാല്‍ : തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിന്റെ വക വോട്ടര്‍ക്ക് വമ്പന്‍ ഓഫര്‍. തന്റെ ഭാര്യ വിജയിച്ചാല്‍ ഓരോ വോട്ടര്‍ക്കും 16 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ഓഫര്‍ നല്‍കിയിരിക്കുന്നത്.
മധ്യപ്രദേശിലെ ജബല്പൂരില് ജനവിധി തേടുന്ന ശശി സലാലസിന്റെ വിജയത്തിനുവേണ്ടിയാണ് ഭര്‍ത്താവ് സ്റ്റാന്‍ലി ലൂയിസ് അരയും തലയും മുറുക്കി രംഗത്തുള്ളത്. മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ശശി മത്സരിക്കുന്നത്. സ്റ്റാന്‍ലി തന്നെയാണ് ഇവര്‍ക്ക് വോട്ട് തേടി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ളത്. പ്രത്യേകം അലങ്കരിച്ച കുതിരവണ്ടിയിലാണ് ഇരുവരും പ്രചാരണത്തിനിറങ്ങുന്നത്. നാലാളു കൂടുന്ന സ്ഥലത്തെത്തിയാല്‍ സ്റ്റാന്‍ലി ആ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിക്കും. ഭാര്യയെ വിജയിപ്പിച്ചാല്‍ ഓരോ വോട്ടര്‍ക്കും താന്‍ 20,000 മില്യന്‍ ഡോളര്‍(ഏകദേശം 16 ലക്ഷം രൂപ) നല്‍കുമെന്ന്.
അതേസമയം, വിചിത്രകരമായ അവകാശവാദങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഏഷ്യയുടെ പ്രസിഡന്റ് ആണ് താനെന്നാണു സ്വയം അവകാശവാദം. ഭാര്യയെ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായും പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഇന്ദ്ര മാര്‍ക്കറ്റില്‍ കുതിര വണ്ടിയിലെത്തി ശശി സലാലസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.