കൊല്ലം : കൊല്ലത്ത് കഴിഞ്ഞ ദിവസം കല്യാണവീട്ടിലെ രാഷ്ട്രീയ തര്‍ക്കം ചെന്ന് അവസാനിച്ചത് തള്ളവിരല്‍ കടിച്ച് മുറിച്ച്. കല്യാണവീട്ടില്‍ അയല്‍വാസികളും ബന്ധുക്കളുമായ സിപിഐ.-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ രാഷ്ട്രീയതര്‍ക്കമാണ് ആക്രമണത്തിലെക്കിയത്. സംഭവത്തില്‍ സിപിഐക്കാരന്റെ തള്ളവിരല്‍ ആണ് കടിച്ചു മുറിച്ചത്.
ഞായറാഴ്ച രാത്രി മേലില ഗ്രാമപ്പഞ്ചായത്തിലെ മൂലവട്ടത്ത് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിഞ്ഞത്. മൂലവട്ടത്തെ ഒരുവീട്ടില്‍ വിവാഹ സത്കാരത്തിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായി പറയുന്നു. സിപിഐക്കാരന് അടുത്തിടെ സിപിഎം വിട്ടാണ് പാര്‍ട്ടിയിലെത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. മറ്റുള്ളവര്‍ ഇരുവരെയും പിന്തിരിപ്പിച്ചുവിട്ടു. തുടര്‍ന്ന് മൂലവട്ടം ജങ്ഷനില്‍വെച്ചുണ്ടായ സംഘര്‍ഷത്തിലാണ് സിപിഐ പ്രവര്‍ത്തകന്റെ ഇടതുതള്ളവിരല്‍ കടിച്ചുമുറിച്ചത്. രക്തംവാര്‍ന്നുനിന്ന സിപിഐ പ്രവര്‍ത്തകനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വിരലറ്റ വിവരം അറിയുന്നത്. വിരലിന്റെ കഷണം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും തുന്നിച്ചേര്‍ക്കാന്‍ സാധിക്കാത്തവിധം ചതഞ്ഞിരുന്നു.
കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ പരാതി കിട്ടിയില്ലെന്ന് കുന്നിക്കോട് പോലീസ് പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയക്കാരായ ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്നം പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതോടെ പുറത്തറിയിക്കാതെ ഒതുക്കുകയായിരുന്നു.