കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വീണ്ടും മുടങ്ങിയ സാഹചര്യത്തില്‍ വ്യത്യസ്തമായ പ്രധിഷേധവുമായി എത്തിയിരിക്കുകയാണ് ജീവനക്കാര്‍.
ശമ്പളമില്ലാത്തതിനാല്‍ കൂലിപ്പണി എടുക്കാന്‍ അവധി ചോദിച്ചു കൊണ്ടാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ അജുവിന്റെ പ്രതിഷേധം. തൃശ്ശൂര്‍ ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. തനിക്ക് ശമ്പളമില്ലെന്നു അതുകൊണ്ട് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചുകൊണ്ടാണ് അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ പോലും കാശില്ലെന്ന് അജു പറയുന്നു. ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പറഞ്ഞു.
സര്‍ക്കാര്‍ നല്കി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആര്‍ടിസിയുടെ ശമ്പളവിതരണം നീളാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഓടുന്ന കെഎസ്ആര്‍ടിസി, സര്‍ക്കാര്‍ നല്‍കിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നല്‍കുന്നത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി നല്കി ഉറപ്പ്. എന്നിട്ടും പലകുറി ഇത് പാളി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈ മാസം ഇതുവരെ ശമ്പളം നല്‍കിയിട്ടുമില്ല.