പാകിസ്ഥാനില്‍ കണ്ണുരോഗം പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് സ്കൂളുകള്‍ വ്യാപകമായി അടയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 56,000ത്തിലധികം സ്കൂളുകളാണ് അടച്ചിട്ടത്.
രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തശേഷമാവും മറ്റുസ്കൂളുകള്‍ അടച്ചിടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. രോഗ വ്യാപനം കുറയ്ക്കാനായി പഞ്ചാബ് പ്രവിശ്യയിലാണ് കൂടുതല്‍ സ്കൂളുകള്‍ അടച്ചുപൂട്ടിയത്. പാകിസ്ഥാനിലെ ഏറ്റവുംകൂടുതല്‍ ജനസംഖ്യയുള്ള പ്രവിശ്യയാണ് പഞ്ചാബ്. നൂറുകണക്കിന് പേര്‍ക്കാണ് ഇവിടെ ഇതിനകം രോഗം ബാധിച്ചത്.
അതിവേഗമാണ് അണുബാധ പടര്‍ന്നുപിടിക്കുന്നത്. കണ്ണുകളില്‍ ചുവപ്പുനിറം, അസഹ്യമായ ചൊറിച്ചില്‍, കട്ടിക്ക് പഴുപ്പുവരിക തുടങ്ങി ചെങ്കണ്ണിന് സമാന ലക്ഷണങ്ങളാണ് ഇതിനും ഉള്ളത്. രോഗിയെയോ അയാള്‍ ഉപയോഗിച്ച വസ്തുക്കള്‍ സ്പര്‍ശിക്കുകയോ ചെയ്യുന്നതിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയും രോഗം പടര്‍ന്നുപിടിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ രോഗം ബാധിക്കുകയാണ്. എന്നാല്‍ ഈ രോഗം ബാധിച്ച് ആര്‍ക്കും കാഴ്ചശക്തി നഷ്ടമായതായി റിപ്പോര്‍ട്ടില്ല.