ടെല്‍ അവീവ് : ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ റോക്കറ്റ് ആക്രമണത്തില്‍ കഴിഞ്ഞ ദിവസം പരുക്കേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. യുവതി അപകടനില തരണം ചെയ്തെന്ന് അറിയിച്ച് ആശുപത്രി അധികൃതര്‍.
ഇസ്രയേലില്‍ കെയര്‍ഗിവര്‍ ജോലി ചെയ്യുകയായിരുന്നു കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദിനാണ് കഴിഞ്ഞ ദിവസം പരിക്കേറ്റത്. ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. നേരിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഷീജയ്ക്ക് പരുക്കേറ്റത്.
വടക്കന്‍ ഇസ്രയേലിലെ അഷ്കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേക്കറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രായേല്‍ സമയം ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല. ഇവര്‍ ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും പരിക്കുണ്ട്.
ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ഇതിനോടകം മരണസംഖ്യ ആയിരംകടന്നു. 413 പലസ്തീനികളും 700 ഇസ്രയേലികളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.