പൊട്ടറ്റോ ചിപ്സിനോട് വല്ലാത്തൊരു ഇഷ്ടമുള്ളവരാണോ നിങ്ങള്‍? വിപണിയില്‍ ലഭ്യമായ പൊട്ടറ്റോ ചിപ്സ് ഉത്പ്പന്നങ്ങള്‍ വാങ്ങി കഴിക്കുന്നത് പതിവാണോ? എന്നാല്‍ ഇത് നിറുത്തുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതെന്നാണ് പുതിയ പഠനം പറയുന്നത്.
ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്നും തുല്യ ആസക്തിയുണ്ടാക്കുന്ന വസ്തുക്കളാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അള്‍ട്രാ പ്രൊസസ്ഡ് ഫുഡ് അഥവാ സംസ്കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇവ നിക്കോട്ടിന്, കൊക്കെയ്ന്‍, ഹെറോയിന്‍ എന്നിവയ്ക്ക് സമാനമായ അഡിക്ഷനുണ്ടാക്കുമെന്നും, പത്തുപേരില്‍ ഒരാള്‍ എന്നനിലയ്ക്ക് ഈ അഡിക്ഷന് കണ്ടുവരുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാകുന്നു.
മുപ്പത്തിയാറ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 281 പഠനങ്ങളെ കേന്ദ്രീകരിച്ചാണ് ഈ ഗവേഷണം നടത്തിയത്. ഇതില്‍ നിന്നാണ് പതിനാലുശതമാനത്തോളം പേര് ഇത്തരം വസ്തുക്കളില്‍ അടിമകളാണെന്ന് കണ്ടെത്തിയത്. മിഷിഗണ്‍ സര്‍വകലാശാലയിലെ പ്രൊഫസറായ ആഷ്ലി ഗെരാര്ഹാര്ഡിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇത്തരത്തിലുളള ഭക്ഷണങ്ങള്‍ എപ്പോഴും കഴിക്കാനുള്ള ഒരു അഡിക്ഷന് ചിലരില്‍ ഉണ്ടെന്നും, അമിത ഉപയോഗത്തിലൂടെ ആരോഗ്യം നശിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.