ഫെയ്സ്ബുക് വഴി പരിചയപ്പെട്ട യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവിനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. അമിതമായി ഗുളിക അകത്തു ചെന്നതിനെ തുടര്‍ന്ന് മുറിയില്‍ വീണു കിടന്ന യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 12ന് അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് തൊട്ടടുത്തുള്ള ലോഡ്ജിലാണ് സംഭവം.
അടൂരില്‍ അപ്ഹോള്‍സറി സ്ഥാപനം നടത്തുന്ന കൊല്ലം കുന്നത്തൂര്‍ ഐവര്‍കാല നാട്ടിശേരി ജയ മന്ദിരം ശ്രീജിത്തിനെ (28) ആണ് ലോഡ്ജിലെ മുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇതിനടുത്തായാണ് തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ഷീബയെ (37) അവശനിലയില്‍ കണ്ടത്.
ഷീബയുടെ ഭര്‍ത്താവ് മരിച്ചു പോയതാണ്. ശ്രീജിത്ത് വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും ഫേസ്ബുക് വഴി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവര്‍ അടൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഒരുമിച്ച് മരിക്കാമെന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാത്രി പറഞ്ഞെങ്കിലും ഷീബ കൂട്ടാക്കിയില്ല. തുടര്‍ന്ന് ശ്രീജിത്ത് ഷീബയെ ഷാള്‍ കഴുത്തില്‍ കുരുക്കി കൊല്ലാന്‍ ശ്രമിച്ചു. നടക്കാതെ വന്നതോടെ മര്‍ദിച്ച ശേഷം തൈറോയ്ഡിന്റെ ഗുളികകള്‍ വായിലേക്ക് ഇട്ടുകൊടുത്തു.
ഗുളിക ഉള്ളില്‍ ചെന്ന ഷീബ അബോധാവസ്ഥയിലായി. ഇതിനിടെ ശ്രീജിത്ത് ജനല്‍ കമ്പിയില്‍ തൂങ്ങി ആത്മഹത്യ ചെയ്തു. ബോധം തെളിഞ്ഞപ്പോള്‍ ശ്രീജിത്ത് തൂങ്ങി നില്ക്കുന്നതു കണ്ട യുവതി ബഹളം വച്ചു. ഇതു കേട്ട് ലോഡ്ജിലെ ജീവനക്കാര്‍ എത്തിയപ്പോള്‍ യുവാവ് തൂങ്ങി മരിച്ച നിലയിലും യുവതി തൊട്ടടുത്തു കിടക്കുന്നതുമാണ് കണ്ടത്. പൊലീസ് എത്തിയാണ് യുവതിയെ അടൂര്‍ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി. കൊലപാതക സാധ്യതയൊന്നും കാണുന്നില്ല.
അടൂര്‍ കെഎസ്ആര്‍ടിസി ജങ്ഷനിലുള്ള നക്ഷത്ര ലോഡ്ജില്‍ 107ാം നമ്പര്‍ മുറിയിലാണ് സംഭവം. 11 ന് രാവിലെ 10 നാണ് ഇരുവരും ഇവിടെ വന്ന് റൂം എടുത്തത്. ഇതേ ദിവസം തന്നെ ഷീബയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചാണ് ലോഡ്ജില്‍ മുറിയെടുത്തെതന്നാണ് ഷീബ മൊഴി നല്‍കിയിട്ടുള്ളത്. ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു.