വിദേശ നഴ്സുമാരുടേയും മിഡ്വൈഫുമാരുടേയും എണ്ണം കുത്തനെ കൂടുമ്പോൾ, തദ്ദേശീയരും നിലവിൽ യുകെയിലേക്ക് കുടിയേറിയവരുമായ കുടുതൽപ്പേർക്ക് നഴ്സിംഗ് കോഴ്സുകളിൽ അവസരമൊരുക്കുകയാണ് എൻഎച്ച്എസ്.
നഴ്സിംഗ് പഠനത്തിന് അനുയോജ്യമായ വ്യത്യസ്ത മാനദണ്ഡങ്ങളുള്ള രണ്ട് പുതിയ കോഴ്സുകൾ ഇപ്പോൾ രാജ്യത്തെ രണ്ട് എൻഎച്ച്എസ് ട്രസ്റ്റുകൾ ആരംഭിക്കുന്നു. പ്രമുഖ യുണിവേഴ്സിറ്റികളുമായുള്ള സഹകരണത്തോടെയാണ് ഈ കോഴ്സുകൾ നടത്തുക.
നഴ്സിംഗ് ആൻഡ് മിഡ്വൈഫ് കരിയർ ലക്ഷ്യമിടുന്ന യുകെയിലെ മലയാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കും അതുപോലെ നിലവിൽ യുകെയിൽ കെയറർ, സ്റ്റുഡന്റ് വിസകളിലെത്തി, നഴ്സിംഗ് ജോലിനേടാൻ ആഗ്രഹിക്കുന്നവർക്കും ഒരേപോലെ ഈ കോഴ്സുകൾ കൂടുതൽ പ്രയോജനകരമാകും.
എല്ലാ പ്രായത്തിലുമുള്ള അപേക്ഷകരെ നഴ്സിംഗ് ജോലിയിലേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന കോഴ്സാണ് സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റൽ ആരംഭിക്കുന്നത്.
കവെൻട്രി യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് വിൽറ്റ്ഷെയർ കോളേജും സാലിസ്ബറി ജില്ലാ ആശുപത്രിയും സംയുക്തമായി രണ്ട് വർഷത്തെ ഈ ഡിഗ്രി കോഴ്സ് നടത്തുന്നത്.
സാലിസ്ബറി ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ ചീഫ് നഴ്സിംഗ് ഓഫീസർ ജൂഡി ഡിയോസ്, വിൽറ്റ്ഷയർ കോളേജിലെ വൈസ് പ്രിൻസിപ്പൽ ജോ ഗ്രെൻഫെൽ എന്നിവർ പുതിയ കോഴ്സിൻ്റെ മേൽനോട്ടം വഹിക്കും.
“ഹെൽത്ത് കെയർ സർവീസിലേക്ക് പ്രവേശിക്കാനും വീണ്ടും പരിശീലനം നടത്താനും ആഗ്രഹിക്കുന്ന ആരിൽ നിന്നും ഞങ്ങൾ അപേക്ഷകൾ സ്വാഗതം ചെയ്യുന്നു.” സാലിസ്ബറി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ സീനിയർ നഴ്സിംഗ് ഓഫീസർ ജൂഡി ഡിയോസും യൂണിവേഴ്സിറ്റി വൈസ് പ്രിൻസിപ്പൽ ജോ ഗ്രെൻഫെലും പറഞ്ഞു.
വിദ്യാർത്ഥികളെ അവരുടെ പ്രായോഗിക പരിശീലനത്തിന് സഹായിക്കുന്നതിനായി ഒരു പുതിയ 'സിം സ്യൂട്ട്' അഥവാ ഒരു മോക്ക് വാർഡ് ഇപ്പോൾ കോളേജിൽ നിർമ്മിക്കുന്നു. സതാംപ്ടൺ റോഡിലെ കോളേജ് കെട്ടിടത്തിലാണ് സിം-സ്യൂട്ടിൻ്റെ നിർമ്മാണം.
2024 സെപ്റ്റംബറിലാണ് കോഴ്സ് ആരംഭിക്കുന്നത്. വിൽറ്റ്ഷയർ കോളേജിലെയും കവെൻട്രി യൂണിവേഴ്സിറ്റിയിലെയും സ്പെഷ്യലിസ്റ്റ് നഴ്സ് ട്യൂട്ടർമാരാണ് ആശുപത്രിയിൽ പ്രായോഗിക പ്ലെയ്സ്മെൻ്റുകളോടെ പഠിപ്പിക്കുക.
സ്വന്തം വീടുകളിൽ താമസിച്ച് പഠിക്കാനും പരിശീലിക്കാനും ഇത് പ്രദേശവാസികളെ പ്രാപ്തരാക്കും എന്നതാണ് സാലിസ്ബറി ട്രസ്റ്റ് ലക്ഷ്യമിടുന്ന മറ്റൊരുപ്രത്യേകത.
നിലവിൽ സാലിസ്ബറി പ്രദേശത്തുള്ള ആളുകൾക്ക് ഏറ്റവും അടുത്തുള്ള നഴ്സിംഗ് കോഴ്സുകൾ ബ്രിസ്റ്റോൾ, ഓക്സ്ഫോർഡ്, സതാംപ്ടൺ എന്നിവിടങ്ങളിലാണ്.
നഴ്സിംഗ് പഠനത്തിലെ ഉന്നതവിദ്യാഭ്യാസ കോഴ്സാണ് ഐൽ ഓഫ് മാനിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മാനിൽ ആരംഭിക്കുന്നത്.
നഴ്സിംഗ്, മിഡ്വൈഫറി, അലൈഡ് ഹെൽത്ത് പ്രൊഫഷണലുകൾക്കുള്ള ഉന്നത വിദ്യാഭ്യാസ കോഴ്സിലേക്കുള്ള പ്രവേശനംയൂണിവേഴ്സിറ്റി കോളേജ് ഐൽ ഓഫ് മാനിൽ (യുസിഎം) ലഭ്യമാണ്.
ഒരു വർഷത്തെ മുഴുവൻ സമയ കോഴ്സ് ബിരുദം മൂന്ന് എ ലെവലിന് തുല്യമാണ്. കോഴ്സിന് യോഗ്യത നേടുന്നതിന് അപേക്ഷകർക്ക് ഗണിതത്തിലും ഇംഗ്ലീഷിലും ഗ്രേഡ് സിയിലോ അതിന് മുകളിലോ ഉള്ള ജിസിഎസ്ഇകൾ ആവശ്യമാണ്.
18 വയസ്സിന് മുകളിലുള്ള ആളുകൾക്ക് മാങ്ക്സ് കെയറിൽ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകളിൽ ചേരുന്നതിനോ യൂണിവേഴ്സിറ്റി തലത്തിൽ പഠനം തുടരുന്നതിനോ ആവശ്യമായ യോഗ്യത നേടുന്നതിന് അനുവദിക്കുന്ന തരത്തിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതിയ കോഴ്സ് നഴ്സിംഗ്, മിഡ്വൈഫറി എന്നിവയിൽ ജോലി ചെയ്യുന്നവരുടെ എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക ലക്ഷ്യമിടുന്നു.
നഴ്സിംഗ്, മിഡ്വൈഫറി അല്ലെങ്കിൽ ആരോഗ്യ സംബന്ധിയായ തൊഴിൽ എന്നിവയിൽ ഒരു കരിയർ ആഗ്രഹിക്കുന്ന, എന്നാൽ പ്രവേശന ആവശ്യകതകളില്ലാത്ത പരിചയവും പക്വതയുമുള്ള പഠിതാക്കൾക്ക് ഇതൊരു മികച്ച കോഴ്സാണെന്ന് യുസിഎമ്മിലെ വെൽഫെയർ ഫാക്കൽറ്റി മേധാവി എംഎസ് ഡേവീസ് പറഞ്ഞു.